പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു മുന്നിലുണ്ടായിരുന്ന യു.പിയിലെ മുസ്ലിം ആക്ടിവിസ്റ്റ് അഫ്രീന ഫാത്തിമയെ വേട്ടയാടുകയും പ്രയാഗ്രാജിലെ അവരുടെ വീട് ഇടിച്ചുനിരത്തുകയും ചെയ്തതാണ് ഒടുവിലത്തേത്. അലിഗഢ് യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ പ്രസിഡന്‍റും നിലവിലെ ജെ.എന്‍.യു യൂണിയന്‍ കൌണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ചെയ്തതുപോലെ കുറഞ്ഞ സമയത്തിനു നോട്ടീസ് നൽകി നിയമപരിരക്ഷക്കു വഴിതേടാനുള്ള അവസരമെന്ന സാമാന്യനീതിപോലും ലഭ്യമാക്കാതെയാണ് അഫ്രീൻ ഫാത്തിമായുടെ പിതാവിനെയും കുടുംബത്തേയും അറസ്റ്റ് ചെയ്തു ജയിലിലടച്ച ശേഷം വീട് തകർത്തത്.
നിലപാടുകളുടെ പേരിൽ ഭരണകൂടം വീട് തകർത്ത ദിവസം രാത്രി അഫ്രീൻ ഫാത്തിമയുമായി സംസാരിച്ച ആർട്ടിക്കിൾ 14 മാനേജിങ് എഡിറ്റർ ബേത്വ ശർമയോട് അവൾ പറഞ്ഞ വാക്കുകൾ : ആകെ തളർന്നതുപോലെയുണ്ട്, എന്തു ചെയ്യണമെന്നോ ആരെ വിളിക്കണമെന്നോ അറിയുന്നില്ല, ഒരു ദുഃസ്വപ്നത്തിലെന്നപോലെ. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന പിന്തുണയോട് ഏറെ കടപ്പാടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വരുത്താൻ അതുകൊണ്ടാകുമെന്ന് കരുതുന്നില്ല. ഇതുപോലെ ജീവിക്കുന്നത് അൽപം ഭയാനകം തന്നെയാണ്. ഇത് പക്ഷേ എന്റെ മാത്രം കഥയല്ല, ഇന്ത്യയിലെ ഏതൊരു മുസ്ലിം കുടുംബത്തിന്റെയും അവസ്ഥയാണിത്. എതിർശബ്ദം പ്രകടിപ്പിക്കുന്നവരുടെ വീടുകയറി പ്രിയപ്പെട്ടവരെ പൊലീസ് പിടിച്ചുകൊണ്ടുപോയേക്കാവുന്ന അവസ്ഥ''.
അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലും അഫ്രീൻ തന്റെ വീടു തകർത്തതിനെ “കുടുംബത്തിനെതിരായ പ്രതികാര നടപടി” എന്നാണ് വിശേഷിപ്പിച്ചത്. അഞ്ചു വർഷമായി സജീവമായി നടത്തിവരുന്ന വിദ്യാർഥി പ്രവർത്തനങ്ങൾക്കിടയിൽ നിരവധി അവസ്ഥകളെ വിഭാവനം ചെയ്തിട്ടുണ്ട് അഫ്രീൻ ഫാത്തിമ. ഭരണകൂടം തേടിയെത്തുമ്പോൾ എന്തു ചെയ്യുമെന്നതു സംബന്ധിച്ച് വെൽഫെയർ പാർട്ടി നേതാവും ഭരണകൂടവിമർശകനുമായ പിതാവിനൊപ്പം പണ്ട് പറഞ്ഞ് ചിരിച്ചിട്ടുണ്ട്. പക്ഷേ, ഭരണകൂടം പിതാവിനെയോ അവളെയോ മാത്രമല്ല, ഉമ്മയെയും അനുജത്തിയെയും തേടിയാണ് വീട്ടിലേക്കു കയറിവന്നത്. പകപോക്കൽ എന്നാണ് അഫ്രീൻ അതിനെ വിശേഷിപ്പിച്ചത്. ജാവേദ് മുഹമ്മദിനെതിരായ കുറ്റങ്ങൾ എന്തെല്ലാമാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അദ്ദേഹത്തെ നൈനി സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉമ്മയും അനിയത്തിയും കസ്റ്റഡിയിൽ തുടരുകയാണോ എന്ന കാര്യത്തിലും കൃത്യതയില്ല".
തകർന്നു കിടക്കുന്ന വീടിനുള്ളിൽ ഉണ്ടായിരുന്ന,“അനീതി നിയമമാകുമ്പോൾ, കലാപം കടമയായി മാറുന്നു,” എന്ന പോസ്റ്റർ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇൻക്രിമിനേറ്റിങ് എവിഡെൻസ്” എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വലത് പക്ഷ രാഷ്ട്രീയത്തിന്റെ മുട്ടിലിഴയുന്ന മീഡിയകളുടെ ഇസ്ലാമോഫോബിക് സ്റ്റാന്റുകൾ അവരുടെ ന്യൂസുകളിൽ പോലും വെളിപ്പെട്ടതാണ്. മണിക്കൂറുകളോളം അഫ്രീൻ ഫാത്തിമയുടെ വീട് തകരുന്നത് മാധ്യമങ്ങൾ ആഘോഷിച്ചു; തകർന്നു കൊണ്ടിരിക്കുന്ന വീടിനു മുന്നിൽ നിന്ന് മാധ്യമപ്രവർത്തകർ ബുൾഡോസർ ചെയ്യുന്നതിന്റെ വിശദമായ വിവരണങ്ങൾ നൽകികൊണ്ടിരുന്നു. അവരുടെ കുടുംബത്തിന്റെ സ്വത്തുക്കൾ- ഫർണിച്ചറുകൾ, ഗവേഷണ പ്രബന്ധങ്ങൾ, പോസ്റ്ററുകൾ, പ്രമാണങ്ങൾ, പുസ്‌തകങ്ങൾ എല്ലാം നശിപ്പിക്കുന്നത് തത്സമയം കാണിക്കുന്നതോടൊപ്പം ഹെഡ് ലൈനിൽ ഇസ്ലാമോഫോബിക് ടൈറ്റിലുകളും ഭരണാനുകൂല ഫൂട്ട്നോട്ടുകളും നൽകി.
പ്രവാചകനിന്ദക്കെതിരായി കഴിഞ്ഞാഴ്ച യു.പിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധപ്രകടനങ്ങളിൽ പലയിടങ്ങളിലായി സംഘർഷമുണ്ടായിരുന്നു. അതിന്റെ പേരിൽ കാൺപുർ, സഹാറൻപുർ, പ്രയാഗ് രാജ്, ലഖ്നോ, അലീഗഢ് എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകളെ പിടികൂടി. നിയമത്തിന്റെ വഴിയിൽ നടത്തുന്നതിനുപകരം വംശീയ അജണ്ടയോടെ തങ്ങൾ തയാറാക്കിയ പുതിയ ഭീകരനിയമങ്ങൾ അവർക്കെതിരെ ചുമത്തുകയാണ് ചെയ്തത്. പ്രതിഷേധക്കാരുടെ വരുമാനമാർഗങ്ങൾ സ്തംഭിപ്പിക്കുക, സ്വത്തുക്കൾ കണ്ടുകെട്ടുക, കേസുവിസ്താരവും വിചാരണയും ശിക്ഷാവിധിയുമൊന്നും കാത്തുനിൽക്കാതെ സ്വത്തുവകകൾ തകർത്തുകളയുക എന്നിങ്ങനെ ബ്രിട്ടീഷ്വാഴ്ചയെ അതിശയിപ്പിക്കുന്ന മനുഷ്യത്വരഹിതമായ നിയമവ്യവസ്ഥകളാണിപ്പോൾ യു.പിയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പാക്കിവരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 300ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മുഴുവന്‍ മുസ്ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു. പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 70 പേരെയാണ് പ്രയാഗ് രാജില്‍ നിന്നും ഇതുവരെ അറസ്റ്റ് ചെയ്തത്.
മുസ്ലിംകളെ പ്രകോപിപ്പിക്കാൻ പ്രവാചകനെയോ വിശുദ്ധ ഗ്രന്ഥത്തെയോ അവഹേളിക്കുകയാണ് എളുപ്പവഴിയെന്ന് സയണിസ്റ്റുകളും സാമ്രാജ്യത്വവും പണ്ടേ കണ്ടെത്തിയിട്ടുണ്ട്. അതേ രീതിയാണ് സംഘ്പരിവാറും പയറ്റുന്നത്. യാഥാർത്ഥത്തിൽ Blasphemy അന്താരാഷ്ട്ര സമൂഹം തത്വത്തിൽ നിരാകരിക്കുകയും ലോകരാഷ്ട്രങ്ങൾ വ്യത്യസ്ത തരത്തിൽ കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യുന്നതാണ്. ഇന്ത്യയിൽ ബ്രട്ടീഷ്ഭരണ കാലത്ത് തന്നെ നിലവിലുണ്ടായിരുന്ന അടിസ്ഥാന നിയമമിപ്പോൾ പീനൽകോഡിലെ 124 A , 153A , 153B,292 293 , 295 A പ്രകാരം പിഴ മുതൽ 3 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ആരാധ്യപാത്രങ്ങളെ അധിക്ഷേപമോ പരിഹാസമോ നടത്തി വിശ്വാസികൾക്ക് മനോവിഷമം വരുത്തുന്ന കൃത്യമെന്നാണ് പ്രസ്തുത കുറ്റത്തിന്റെ പൊതുവായ നിർവ്വചനം.ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മതവിമർശനത്തിൽ നിന്നും ദൈവദൂഷണം വ്യത്യസ്തമാവുന്നത് ഉരിയാടപ്പെടുന്ന പരാമർശങ്ങളുടെ സന്ദർഭവും പ്രേരണയും അനുസരിച്ചാണ്.വാക്കുകളുടെ സഭ്യാസഭ്യതകളും വ്യക്തികളുടെ മാനാഭിമാനങ്ങളും പരസ്പരം വകവെച്ച് കൊടുത്തും ഉൾക്കൊണ്ടും കൊണ്ടല്ലാതെ ആധുനിക സമൂഹത്തിന് സുസ്ഥിര സമാധാനം കൈവരിക്കാൻ കഴിയില്ലെന്ന് മതാന്ധത(Bigotry)ക്കെതിരായ റെസലൂഷനിൽ യു എൻ ഒ നിരീക്ഷിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമവ്യവസ്ഥിതികൾക്കപ്പുറം സാമാന്യ മാനവികത പോലും നിർജീവമായവർ ഭരണസിരാകേന്ദ്രങ്ങളിലിരിക്കുമ്പോൾ ഇതെല്ലാം അപ്രസക്തമാണ്.
പൊളിറ്റിക്കൽ അനലിസ്റ്റ് സൈനബ് സിക്കന്ദർ തന്റെ ‘ഇസ്ലാമോഫോബിയ ഇൻ ഇന്ത്യൻ മീഡിയ’ എന്ന പ്രബന്ധത്തിൽ എഴുതുന്നു; “മുസ്ലീങ്ങളെ ഭീകരവാദികൾ എന്ന് മുദ്രകുത്തിയുള്ള മാധ്യമങ്ങളുടെ നിരന്തര ആക്രമണത്തിലൂടെ ഇസ്ലാമോഫോബിയയുടെ കേന്ദ്രമാവുകയാണ് ഇന്ത്യ.” ഇന്ത്യൻ മുസ്ലിംകളെ പൈശാചികവൽക്കരിക്കുന്നത് വർഗീയ പ്രൈംടൈം ഷോകളാണെന്ന് അവർ പറയുന്നു. “ക്ലിക്ക്ബെയ്റ്റ്’ ആയ മുൻ പേജിലെ തലക്കെട്ടുകൾ, കമ്മ്യൂണിറ്റികൾക്കിടയിലെ വിള്ളലുകൾ ആഴത്തിലാക്കാനും “ഞങ്ങൾക്കെതിരെ അവർ” എന്ന ആശയം ഊട്ടി ഉറപ്പിക്കുന്നതുമാണ്” സിക്കന്ദർ എഴുതുന്നു.
ഗൗരിലങ്കേഷന്റെ ഒന്നാം ചരമദിനത്തിൽ 'ഇഫ് വി ഡു നോട്ട് റൈസ്' എന്ന ഹാഷ്ടാഗിൽ ട്വിറ്റർ സ്റ്റോമിന് തുടക്കമായിരുന്നു. നമ്മളുണരുന്നില്ലെങ്കിൽ പിന്നെ ആരാണ് ഈ നെറികേടുകൾക്കെതിരെ ശബ്ദിക്കാനുള്ളതെന്ന ചോദ്യമാണ് ഗൗരി ദിനത്തിൽ ഉയർന്നത്. വിസമ്മതത്തിന്റെ ജനാധിപത്യ തെരുവു രൂപത്തെ ഇത്രമേൽ ഭയപ്പെടുന്ന ഫാഷിസത്തിന് ബുൾഡോസറുകൾകൊണ്ടല്ലാതെ ജനകീയ സമരങ്ങളെ എങ്ങനെ നേരിടാമെന്ന് ഭരണഘടന നിവർത്തിവെച്ച് ജുഡീഷ്യറിയെങ്കിലും വിശദീകരിച്ചു കൊടുക്കണമെന്ന അഭ്യർഥനയാണ് ഇന്ത്യൻ പൗരസമൂഹത്തിന് മുന്നോട്ടുവെക്കാനുള്ളത്. അത്തരമൊരു രാജ്യത്ത് മിണ്ടാതിരിക്കുന്നവരാണ് ഏറ്റവും വലിയ കുറ്റവാളികൾ. അനീതി രാജ്യത്തെ കലാപത്തിലേക്ക് നയിക്കുമെന്ന് വിവേകമതികളായ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, ബുദ്ധിജീവികൾ തെരുവിലിറങ്ങി വാ തുറന്നു പറയണം. അല്ലെങ്കിൽ ജനങ്ങൾ ഫാഷിസ്റ്റുകളോട് കണക്കു ചോദിക്കുന്ന ദിവസം തന്നെ അവരെയും ചോദ്യം ചെയ്യുമെന്നുറപ്പ്.
പി.കെ സഈദ് ഹസനി പൂനൂര്‍



COMMENTS